Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാർ എന്നും അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചതു മുതല്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസ് ഓരോ ഘട്ടത്തിലും മുന്നോട്ടുപോയത്. ഇത് ഏതെങ്കിലും വ്യക്തിയോടുള്ള വിരോധം തീര്‍ക്കലല്ല, മറിച്ച് നീതി നടപ്പാക്കലാണ്.
സ്വന്തം തോന്നലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ ഗൂഢാലോചന ആരോപിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ പ്രസ്താവന അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു വെളിവാക്കുന്നത്. വിധിയുടെ പകര്‍പ്പു ലഭിച്ചശേഷം നിയമപരമായ പരിശോധനകള്‍ നടത്തി സര്‍ക്കാര്‍ ഉചിതമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തെയും ജനങ്ങളുടെ ക്ഷേമത്തെയും സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നയിച്ച 13 സുപ്രധാന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്നും മന്ത്രി പറഞ്ഞു. വികസന കാര്യങ്ങളില്‍ മറുപടിയില്ലാത്തതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വിചിത്രമായ ന്യായങ്ങള്‍ നിരത്തിയും പരമാബദ്ധങ്ങള്‍ പറഞ്ഞും അദ്ദേഹം ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത്.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ വന്‍കിട പദ്ധതികളെ കണ്ണടച്ചെതിര്ത്ത ചരിത്രമാണ് യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് നല്കിയ മറുപടിയിലൂടെ കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വിവേചനവും പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ കോണ്‍ഗ്രസ് പുലർത്തുന്ന ലജ്ജാകരമായ ഇരട്ടത്താപ്പും വ്യക്തമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രവുമായി ധാരണയുണ്ടാക്കി പണം വാങ്ങുന്പോൾ, കേരളത്തിലെ കോണ്‍ഗ്രസ് എംപിമാർ സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ട് തടയുന്നതിനായി പാര വയ്ക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമഗ്ര ശിക്ഷാ പദ്ധതിയിൽ കേരളത്തിന് അർഹമായ 1160 കോടിയിലധികം രൂപയാണ് കേന്ദ്രം അന്യായമായി തടഞ്ഞുവച്ചിരിക്കുന്നത്. 2022 മുതലുള്ള കണക്കാണിത്.
കേരളത്തിന് ഫണ്ട് ലഭിക്കുന്നതിനായി ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതിനെ ചിലർ വിവാദമാക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ വകുപ്പുകൾക്കും ലഭിക്കേണ്ട കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ എംപിമാർ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നത് മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലെ തീരുമാനമാണ്. ആ തീരുമാനം നടപ്പാക്കാനുള്ള ആർജവം ബ്രിട്ടാസ് കാണിച്ചതായും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
നാടിന്റെ ആവശ്യത്തിനു വേണ്ടി ഇടപെടൽ നടത്തുന്പോൾ അതിനെ വളച്ചൊടിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. രണ്ട് മലയാളി കേന്ദ്ര മന്ത്രിമാർ നമുക്കുണ്ടെങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം ചുക്കിനും ചുണ്ണാന്പിനും കൊള്ളാത്തവരാണവരെന്നും മന്ത്രി ശിവൻകുട്ടി പരിഹസരിച്ചു.
Kerala
തിരുവനന്തപുരം: ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂളും ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരേ സംസ്ഥാനം പുനഃപരിശോധനാ ഹർജി നല്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
സുപ്രീംകോടതിയുടെ വിധി സംസ്ഥാന സർക്കാർ വളരെ ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്. മലപ്പുറം എലമ്പ്രയിൽ സ്കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധി അംഗീകരിക്കുന്നു.
എലമ്പ്രയിൽ തദ്ദേശ സ്ഥാപനം ഭൂമിയും കെട്ടിടവും സൗജന്യമായി നല്കാമെന്നറിയിച്ചിട്ടുള്ളതിനാൽ അത് പ്രത്യേകമായി പരിഗണിക്കും. സംസ്ഥാന വിദ്യാഭ്യാസ അവകാശ നിയമം പ്രതിജ്ഞാബദ്ധമായി നടപ്പാക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ വിഷയങ്ങൾ ഗൗരവതരമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
വിജിലൻസ് റിപ്പോർട്ടിൽ പേരുള്ളതോ തെളിവ് ലഭിച്ചതോ ആയ എല്ലാ ഉദ്യോഗസ്ഥർക്കെതിരേയും കർശന നടപടി ഉണ്ടാകും. വിജിലൻസിന്റെ തുടർ പരിശോധനകൾക്ക് എല്ലാ പിന്തുണയും നൽകും. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും ഇടനിലക്കാരായി പ്രവർത്തിച്ച റിട്ടയേഡ് ഉദ്യോഗസ്ഥർക്കെതിരേയും നിയമനടപടികൾ സ്വീകരിക്കും. വകുപ്പ് തലത്തിൽ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കും.
അഴിമതിക്ക് വഴിവച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും. അപേക്ഷകൾ വൈകിക്കുന്നതു തടയാൻ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങൾ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനു പാലക്കാട്ട് പ്രൗഢോജ്വല തുടക്കം. മേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
സംസ്ഥാന കായിക-കലോത്സവ മാതൃകയിൽ ശാസ്ത്രോത്സവത്തിലും ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്ക് അടുത്തവർഷം മുതൽ സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. മേളയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്കും എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്കുമുള്ള സമ്മാനത്തുകയും വർധിപ്പിക്കും. 14 ജില്ലകളിൽനിന്നായി 8500ഓളം പ്രതിഭകളാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്.
ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തിപരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാന്വൽ പരിഷ്കരിച്ചശേഷമുള്ള സന്പൂർണ ശാസ്ത്രോത്സവം ആറു വേദികളിലായാണു നടക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് സ്വാഗതം പറഞ്ഞു. എംഎൽഎമാരായ മമ്മിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, അഡ്വ. എൻ. ഷംസുദീൻ, കെ.ഡി. പ്രസേനൻ, എ. പ്രഭാകരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ കളക്ടർ മാധവിക്കുട്ടി എന്നിവർ ആശംസകളർപ്പിച്ചു.
സ്കൂളുകളിൽ ഏകീകൃത പ്രാർഥന വേണമെന്ന് മന്ത്രി
പാലക്കാട്: സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, അണ്‍എയ്ഡഡ് സ്കൂളുകളിലെ പ്രാർഥന ഏകീകരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എല്ലാ സ്കൂളിലും ഒരുപോലെയുള്ള പ്രാർഥന നടപ്പാക്കണം. ചില മതസംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക പ്രാർഥന നടക്കുന്നുണ്ട്. വിദ്യാർഥിയായതുകൊണ്ടുമാത്രം അതു പാടേണ്ടിവരുന്ന സാഹചര്യമാണുള്ളത്. എല്ലാ സ്കൂളുകളിലും ഒരുപോലെയുള്ള പ്രാർഥന വരണമെന്ന ചർച്ചയ്ക്കു ശാസ്ത്രോത്സവങ്ങൾ തുടക്കമിടണം. മതേതര, ഭരണഘടനാ മൂല്യങ്ങളും ശാസ്ത്രാവബോധവും ഉൾക്കൊള്ളുന്ന പ്രാർഥനകളാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.
സുവനീർ കവർചിത്രം പ്രകാശനം ചെയ്തു
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ സുവനീർ കവർ ചിത്രം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ ചിത്രമത്സര രീതിയിലാണ് സുവനീർ കവർചിത്രം ക്ഷണിച്ചത്.
ഒന്നാംസ്ഥാനം പാലക്കാട് വാണിയംകുളം ടിആർകെഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥി കെ. ആദിത്യൻ കരസ്ഥമാക്കി. സുവനീർ കമ്മിറ്റി നൽകുന്ന മെമന്റോ മന്ത്രി ആദിത്യനു കൈമാറി. താരാപഥം എന്ന പേരാണ് സുവനീർ കമ്മിറ്റി എഡിറ്റോറിയൽ ബോർഡ് സുവനീറിനു നൽകിയിട്ടുള്ളത്.
ചടങ്ങിൽ സുവനീർ കമ്മിറ്റി കണ്‍വീനർ ഡോ. ഷാഹുൽ ഹമീദ്, കമ്മിറ്റി അംഗങ്ങളായ എം.ടി. ഇർഫാൻ, പി.എ. ഖാദർ, ഡോ.എസ്. സന്തോഷ് കുമാർ, അബ്ദുൾ റസാഖ്, കൃഷ്ണൻ നന്പൂതിരി, ബാബു ആലായൻ, ഫഹദ് കൊന്പത്ത് എന്നിവർ പങ്കെടുത്തു.
Business
തിരുവനന്തപുരം: കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിൽ-നൈപുണ്യ വികസന മേഖലകളിൽ ജർമനിയുമായി പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജർമൻ പ്രതിനിധി സംഘവുമായി തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും, ധനമന്ത്രി കെ.എൻ. ബാലഗോപാലും കൂടിക്കാഴ്ച നടത്തി.
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (KASE) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ജർമൻ കോൺസൽ ജനറൽ എകിം ബുർകാട്ടിന്റെ നേതൃത്വത്തിൽ 27 ജർമൻ പ്രതിനിധികൾ പങ്കെടുത്തു.
കഴിഞ്ഞ ഒരു വർഷമായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളുമായി സഹകരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിക്ഷേപം ആകർഷിക്കാനുമുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
രാജ്യത്ത് ആദ്യമായി കേരളത്തിലെ തൊഴിൽ, നൈപുണ്യ വകുപ്പ് KASE വഴി ജർമൻ ഭാഷാ പരിശീലനം നിലവാരമുള്ളതാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗെയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്, ഒഎസ്ഡി എന്നിവയുമായി സഹകരിച്ച് ശക്തമായ ഭാഷാ പരിശീലന സംവിധാനം ഒരുക്കുകയാണ്. TELC, ECL തുടങ്ങിയ അന്താരാഷ്ട്ര സർട്ടിഫയിംഗ് ഏജൻസികളും ഈ സംരംഭത്തിൽ പങ്കുചേരും.